കൊല്ലം: തുടർഭരണം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിനേറ്റ തിരിച്ചടി പിണറായി പക്ഷത്തിന്റെ മേൽക്കോയ്മ തകർക്കുന്നു.
ഇത്രയും കാലം നേതൃത്വത്തിന്റെ പ്രവർത്തനങ്ങളോട് യാതൊരു വിയോജിപ്പും പ്രകടപ്പിക്കാതിരുന്ന പാർട്ടി പ്രവർത്തകർ വരെ പാർട്ടിയുടെ രീതിയിൽ തെറ്റുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഇപ്പോൾ രംഗത്ത് വന്നത് ഔദ്യോഗിക പക്ഷത്തിന് വൻക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 14 ജില്ലാ കമ്മിറ്റികളിലും തെരഞ്ഞെടുപ്പ് അവലോകനയോഗം നടന്നു കഴിഞ്ഞപ്പോൾ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലുമായി പിണറായിക്കും എം.വി. ഗോവിന്ദനുമെതിരേ വിമർശനങ്ങൾ വന്നുകഴിഞ്ഞു. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, പത്തനംതിട്ട, കോഴിക്കോട് തുടങ്ങി ഭൂരിപക്ഷം ജില്ലകളിലും വിമർശനം ഉണ്ടായി.
നാളെ മുതൽ ഏരിയാ, ലോക്കൽ കമ്മിറ്റികളിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിംഗ് നടക്കാൻ പോകുകയാണ്. താഴെ കമ്മിറ്റികളിലും നേതൃത്വത്തിനെതിരേ ശക്തമായ വിമർശനങ്ങൾ ഉയരുമെന്നാണ് പാർട്ടിയിലെ മറുചേരി കണക്കുകൂട്ടുന്നത്. ഇവ കൂടി കഴിഞ്ഞാൽ ജൂൺ ആദ്യവാരം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഈ റിപ്പോർട്ടിംഗ് മുഴുവൻ ചർച്ച ചെയ്യും. ചർച്ചയുടെ അടിസ്ഥാനത്തിൽ വ്യക്തികളോ ചുമതലയുള്ള നേതാക്കളോ വോട്ടു ചോർച്ചകളിൽ പങ്കാളികളാണെന്ന് കണ്ടാൽ വീണ്ടും ജില്ലാ കമ്മിറ്റി കൂടി ചർച്ച ചെയ്ത് രണ്ട് അംഗ കമ്മീഷൻ വച്ച് അന്വേഷണം നടത്തുന്നതാണ് പാർട്ടി നടപടിക്രമം. ഇതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പാർട്ടി കടുത്ത നടപടികളിലേക്കും കടക്കും.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ ഇതിനകം കമ്മീഷനെ വച്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. 18 മാസം കഴിഞ്ഞാൽ സിപിഎമ്മിന്റെ ബ്രാഞ്ച് മുതൽ ലോക്കൽ, ഏരിയ, ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ചർച്ചകളും പാർട്ടി സമ്മേളനത്തിലേക്കു വരികയും ഔദ്യോഗിക പക്ഷത്തിനെതിരേ എല്ലാ ജില്ലകളിലും ചേരിതിരിവ് ഉണ്ടാകാനുമാണ് സാധ്യത. അതിനാൽതന്നെ സംസ്ഥാന നേതൃത്വം ബ്രാഞ്ച് മുതൽ നടക്കുന്ന സമ്മേളനങ്ങളിൽ കൂടുതൽ കരുതലും ജാഗ്രതയും പുലർത്തുമെങ്കിലും നേതൃത്വത്തിന്റെ ചട്ടക്കൂടിൽനിന്ന് പുറത്തിറങ്ങി സ്വതന്ത്രമായി അഭിപ്രായങ്ങൾ സമ്മേളനങ്ങളിൽ ഉരുത്തിരിയുമെന്ന കണക്കുകൂട്ടലിലാണ് മറുപക്ഷം.
നിലവിലുണ്ടാകാൻ പോകുന്ന അവസരങ്ങൾ മുതലാക്കി സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും മേൽക്കൈയുണ്ടാക്കി പാർട്ടി സെക്രട്ടറി സ്ഥാനം പിടിച്ചെടുക്കുന്നതിലായിരിക്കും മുൻഗണന. അങ്ങനെയെങ്കിൽ കണ്ണൂരിൽ നിന്നുള്ള പി. ജയരാജനോ എറണാകുളത്തുനിന്നുള്ള പി. രാജീവോ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയേക്കാം.
വരുന്ന സമ്മേളനങ്ങളിൽ മറുപക്ഷത്തോട് കൂടുതൽ അടുക്കുമെന്ന് കരുതുന്ന കണ്ണൂർ ലോബിയിൽ നിന്നും പി. ജയരാജനുതന്നെ മുൻതൂക്കമുണ്ടാകാനാണ് സാധ്യത കരുതപ്പെടുന്നത്.